Tuesday, January 26, 2021

ഇത് ഞങ്ങളുടെ ഡ്യൂട്ടി ആണ് ~ ഒരു കോവിഡ് ഓർമക്കുറുപ്പ് 

 ******ഇത് ഞങ്ങളുടെ ഡ്യൂട്ടി ആണ്******


ഒരു മഹാമാരിക്ക് പലതും പഠിപ്പിക്കാനാകും. ഒരു നീണ്ട യാത്രയുടെ ക്ഷീണം തീരും മുന്നേ വന്ന കോവിഡ് വാർത്ത ആദ്യമൊന്നും അലട്ടിയില്ല. പോയ മാസങ്ങളിൽ മാധ്യമങ്ങളിലൂടെ വായിച്ചറിവും, പരിചയമുള്ളവരിലൂടെ കേട്ടറിവും, ഈ രോഗത്തിന്റെ ഗതി എങ്ങനെ എന്ന് അറിയാവുന്നതു കൊണ്ടും വ്യാകുലത കുറവായിരുന്നു. അനുഗ്രഹം പോലെ ഉള്ള വർക്ക്ഫ്രം ഹോം (WFH) ഒരു പരിധി വരെ സഹായിച്ചിരുന്നു.. പിന്നെ, കുടുംബത്തിൽ നിന്നുള്ള അകമഴിഞ്ഞ താങ്ങും (ഭക്ഷണവും മരുന്നും വേറെ).
ഇതിൽനിന്നുമൊക്കെ എടുത്തു പറയേണ്ട ഒരു സ്തുത്യർഹ്യ സേവനം അനുഭവിച്ചറിഞ്ഞതും 2020 നവംബർ-ഡിസംബർ കാലത്താണ്. ഒരു സംസ്ഥാനത്തെ വിവിധ വകുപ്പുകൾ അഹോരാത്രം ഒരൊറ്റ യൂണിറ്റ് ആയി പ്രവർത്തിക്കുന്ന മനോഹരമായ അനുഭവം കൂടി ആയി ഈ സമയം. താരതമ്യേനെ കുറഞ്ഞ രോഗ ലക്ഷണങ്ങൾ ഉളളത് കൊണ്ട് പാതി മനസ്സോടുകൂടി ആണ് ഹെൽത് അധികൃതർ വീട്ടിൽ തന്നെ റൂം കോറന്റൈൻ അനുവദിച്ചത്. ചില നിബന്ധനകൾ വച്ചിരുന്നു. അതിലൊന്ന് ദിവസവും മൂന്നു നേരം പൾസ് ഓക്സിമീറ്റർ റീഡിങ് അയച്ചു കൊടുക്കണം എന്നായിരുന്നു. നമ്മുടെ ആരോഗ്യം നമ്മളേക്കാളുപരി ഒരു ഫോണിന്റെ അങ്ങേ തലയ്ക്കിരിക്കുന്ന ഒരു വ്യക്തിക്ക് കരുതലിന്റെ വ്യാകുലതകൾ. മരുന്ന്, ആഹാരം, ആരോഗ്യം (അത് ശാരീരികവും മാനസികവും), തുടർന്നുള്ള കോവിഡ് മാനദണ്ഡങ്ങളെ മാനിക്കുന്ന വിധത്തിലുള്ള പല പല നിർദ്ദേശങ്ങൾ; ഇങ്ങനെ നീളുന്ന ഒരു സമീപനം ആയിരുന്നു പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ വകുപ്പിന് കീഴിലുള്ള കോഡിഡ് മുന്നണി പോരാളികളിൽ നിന്ന് കിട്ടിയത്. എന്ത് അസ്വസ്ഥതകൾ ഉണ്ടായാലും, ഏത് നേരത്തും വിളിക്കാനുള്ള സ്വാതന്ത്ര്യം തരുന്ന ആ ഉറപ്പ്, അനുഭവിച്ചറിയേണ്ടത് തന്നെ ആണ്. പിന്നീട് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് വരുന്ന വരെയുമുള്ള ദിവസങ്ങളിൽ ഈ കരുതലുകൾ തുടർന്ന് കൊണ്ടേ ഇരുന്നു. റിസൾട്ട് വന്ന്, വിജയകരമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഹോം ഐസൊലേഷനിൽ ഇരുന്നതിന്റെ സർട്ടിഫിക്കറ്റ് വീട്ടു പടിക്കൽ വന്നു തരുന്നത് വരെ ഉള്ള ഒരു യജ്ഞം. ഇടക്കിടെ ഡ്യൂട്ടി ഡോക്ടറോട് സംസാരിച്ചത് വേറെയും.

സംസ്ഥാന പോലീസിന്റെ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ആരോഗ്യം തിരക്കിയുള്ള ഫോൺ വിളികൾ ആണ് എനിക്ക് വേറിട്ട അനുഭവമായത്. തികച്ചും സൗഹൃദപരമായ സമീപനവും, മനോധൈര്യം കൂട്ടേണ്ട വിധത്തിലുള്ള ആശ്വാസപ്പെടുത്തലും, ഒന്നിടവിട്ട ദിവസങ്ങളിൽ സ്ഥലത്തെയും, റേഞ്ചിലേയും, ജില്ലയിലെ ത്തന്നെയുമുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള വിളികൾ ഒരിക്കലും മറക്കാൻ ആവില്ല. ടെന്ഷനൊന്നും വേണ്ട, വ്യയാമം ഒക്കെ ചെയ്യുക, വെയിൽ കൊള്ളുക, ഇതൊക്കെ ശരിയാവും എന്നൊക്കെയുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്ന ആശ്വാസവാക്കുൾ.. പലപ്പോഴും സംസാര രീതി എന്നെപോലെ തന്നെ ഉള്ള സാധാരണ സിവിലിയന്മാരുടെ രീതിയാണ് (നമ്മളുടെ മനസ്സിലുള്ള കർക്കശ പോലീസ് ഭാഷ ഒരിക്കൽ പോലും കേട്ടില്ല).. കുഴൽമന്നം, ആലത്തൂർ റേഞ്ച് ഓഫീസ്, പാലക്കാട് സർക്കിൾ ഓഫീസ്, ഇന്റലിജൻസ് എന്നിങ്ങനെ നീളുന്ന ഫോൺ കോളുകൾ..എല്ലാരോടും സ്നേഹവും ബഹുമാനവും.

ആരോഗ്യപ്രവർത്തകരോട് ആണെങ്കിലും, പോലീസ്കാരോട് ആണെങ്കിലും, നന്ദി അറിയിച്ചപ്പോൾ ഒരേ മറുപടി -- ഇത് ഞങ്ങളുടെ ഡ്യൂട്ടി ആണ്. ആയിക്കോട്ടെ, എന്നാലും ദിവസവും 6000+ പുതിയ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേരളത്തിൽ, ഇങ്ങനെയും ഡ്യൂട്ടി ചെയ്യുന്ന ഒരു വിഭാഗം ഉണ്ടെന്നുള്ളത് എനിക്കിപ്പോൾ ഒരു സ്വകാര്യ അഹങ്കാരം ആണ്. കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന ഞാനുൾപ്പടെ പലരും കണ്ടറിഞ്ഞു പഠിക്കേണ്ട ഒരു കൂട്ട പ്രവർത്തനമാണ് കേരള സംസ്ഥാനത്തു ഇന്ന് വരെയും കോവിഡ് പോരാട്ടത്തിൽ നടന്നിരിക്കുന്നത്. കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ നേതൃത്വം ഒരുപോലെ ഒരു ചാലഞ്ചു ഏറ്റെടുത്തു ഏറ്റവും പ്രശംസാർഹമായി ചെയ്യുന്നത്. എല്ലാം കഴിഞ്ഞു ഒരു മാസത്തിൽ ഏറെ ആയെങ്കിലും ഇപ്പോഴും തെല്ല് ഇമോഷണൽ അല്ലാതെ എനിക്ക് ആ കരുതലുകളുടെ ദിനങ്ങൾ ഓർക്കാൻ കഴിയുന്നില്ല. ഏവർക്കും എന്റെ ശ്വാസത്തിൽ നന്ദി അറിയിക്കുന്നു!

No comments:

Post a Comment