Sunday, December 30, 2012

നിര്‍ഭയ അവള്‍


അവള്‍ നിര്‍ഭയ...
ദാമിനിയും അമാനത്തും അവള്‍ തന്നെ.
പീഡിതയാം സ്ത്രീത്വത്തിന് 
പ്രതീകമാം അവള്‍ക്കെന്തിനു പേര്‍, 
എന്തിനവള്‍ക്ക് മുഖം?
എല്ലാ സ്ത്രീയിലും ഉണ്ടവള്‍...
അവള്‍ നിര്‍ഭയ...
അമ്മതന്‍ ഗര്‍ഭപാത്രത്തില്‍ തുടങ്ങി 
കളിചിരി മായും മുന്‍പേ 
വീടിലും, വഴിയിലും, 
പിന്നെ വിദ്യാലയത്തിലും...
പ്രയാണത്തിലും, പള്ളിയിലും,
പ്രവര്‍ത്തിമണ്ഡലത്തിലും..
എന്നും, എല്ലായിടത്തും ചൂഷിതയാണവള്‍..
അവള്‍, നിര്‍ഭയ...
അബലയല്ലവള്‍, അബലരാം മനുഷ്യരാല്‍ 
വഞ്ചിതയാണവള്‍...അവള്‍, നിര്‍ഭയ
നിര്‍ഭയയാം അവളെ നിഷ്ടൂരമാം 
പീഡിപ്പിച്ചവര്‍ ഒന്നല്ല, ആറുപേര്‍..
പിന്നെയെങ്ങനെയാണവള്‍ അബല?
ധീരയായ്, ജീവന്മരണ ഞാണിന്മേല്‍ 
പതിമൂന്നു ദിനം ഊഞാലാടിയവള്‍.
അവളാണോ അബല? അവള്‍ നിര്‍ഭയ..
മാനം കവര്‍ന്ന കിരാതജന്തുക്കള്‍ 
കുത്തിയിറക്കിയത് ലോഹദണ്ടല്ല..
ശക്തരാണെന്ന അവന്റെ മൂഡ ഹുങ്കാണ്.. 
അമ്മയില്ലവര്‍ക്ക് സോദരിയില്ലവര്‍ക്ക്
പെണ്‍മക്കളില്ലവര്‍ക്ക്..
ഞാനെന്തൊരു മൂഡന്‍? മനുഷ്യരെല്ലവര്‍! 
ഇവിടെ തോറ്റത് നീയല്ല നിര്‍ഭയെ..
നിയമം ഇല്ലാതെ നന്നാവില്ലെന്നു 
ശഠിക്കുന്ന പാപി മനുഷ്യരാണ്..
നിന്നിലൂടെ തീര്‍ന്നത് മനുഷ്യത്വമാണ്‌..
അശ്രുക്കള്‍ പൊഴിക്കാന്‍ യോഗ്യതയില്ലാത്തോരെന്‍ 
നൊമ്പരം കേള്‍ക്കാന്‍ നിനക്കാവുമോ എന്‍ സോദരി?
വാക്കുകളില്ലാത്ത ശതകോടി ജനങ്ങള്‍തന്‍ 
ലജ്ജാവഹമാം മുഖം കാണാന്‍ നിനക്കാവുമോ?

അവള്‍ നിര്‍ഭയ...ഭീരുക്കളാം നമുക്കിടയിലെ ഏക നിര്‍ഭയ..

No comments:

Post a Comment